Sports
ഡാലസ് (യുഎസ്എ): ഫിഫ ലോകകപ്പിൽ മറ്റൊരു തകർപ്പൻ റിക്കാർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മെസ്സി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിൽ അർജന്റീനയുടെ വിജയം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു.
പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയ്ക്കായി ആദ്യ പകുതിയിൽ ജിയോവാനി ലോ സെൽസോ (19-ാം മിനിറ്റ്), ലൗട്ടാരോ മാർട്ടീനസ് (31-ാം മിനിറ്റ് - പെനാൽറ്റി) എന്നിവർ ഗോളുകൾ നേടിയിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ മൂസ അൽ-തമാരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്നാണ് കളി തിരിക്കാൻ മുപ്പത്തിയൊൻപതുകാരനായ ലയണൽ മെസ്സി മൈതാനത്തേക്ക് എത്തിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു ഗോളാക്കി മാറ്റി മെസ്സി അർജന്റീനയ്ക്ക് 3-1 ന്റെ ലീഡ് സമ്മാനിച്ചു.
ഈ ടൂർണമെന്റിലെ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒന്നാമതെത്തി. ഈ ഗോളോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന അതുല്യമായ റെക്കോർഡും ലയണൽ മെസ്സി സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി മാറിയപ്പോൾ ആ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ.
ഫിഫ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയത്. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ പാട്ടിലെ വരികളായ ‘ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്’ എന്ന വരികളായിരുന്നു ഫിഫ സ്വന്തം പോസ്റ്റിൽ ഉപയോഗിച്ചത്. പോസ്റ്റിൽ ആയിരക്കണക്കിന് മലയാളികളാണ് കമന്റുകളും ലൈക്കുകളുമായി നിറഞ്ഞത്.
തിങ്കളാഴ്ച ഓസ്ട്രിയയ്ക്കെതിരേ നേടിയ ഇരട്ടഗോളുകളോടെയാണ് മെസി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതായത്. 18 ഗോളുകളോടെ ജർമൻ ഇതിഹാസതാരം മിറോസ്ലാവ് ക്ളോസെയെയാണ് മെസി പിന്നിലാക്കിയത്.
Sports
2026 ഫിഫ ലോകകപ്പിൽ ഗോളടിമേളംതീർത്ത് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനു തുടക്കമിട്ട് സൂപ്പർതാരങ്ങൾ. കരിയറിന്റെ അവസാനഘട്ടത്തിലും വിസ്മയം തീർക്കുന്ന ലയണൽ മെസി, ഫ്രാൻസിന്റെ പുതിയ അധ്യായം കുറിക്കുന്ന കിലിയൻ എംബാപ്പെ, ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ഏർലിംഗ് ഹാലൻഡ് എന്നിവരെല്ലാം ആദ്യ മത്സരങ്ങളിൽ തന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള "ഗോൾഡൻ ബോൾ', ഗോളടിവീരനുള്ള "ഗോൾഡൻ ബൂട്ട്' പുരസ്കാരങ്ങൾക്കുള്ള പോരാട്ടത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്നിറങ്ങും.
ഇന്നലെ ആദ്യംതട്ടകത്തിൽ കയറിയ കിലിയൻ എംബാപ്പെ കരുത്തരായ സെനഗലിനെതിരേ ഇരട്ടഗോളുകളുമായാണു വേട്ടയ്ക്കു തുടക്കമിട്ടത്. ലോകകപ്പിൽ സാക്ഷാൽ ലിയോ മെസിയെ മറികടന്ന് 14 ഗോളുകളുമായി എംബാപ്പെ ലോകകപ്പ് ഗോളെണ്ണത്തിൽ മിറോസ്ലാവ് ക്ലോസെയ്ക്കും റൊണാൾഡോ നസാരിയോയ്ക്കും പിന്നാലെ മൂന്നാമതെത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൾജീരിയക്കെതിരേ കളത്തിലിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്ക് ഗോളുമായാണ് മുപ്പത്തിയട്ടിന്റെ ബാല്യം അറിയിച്ചത്. വടക്കേ അമേരിക്കൻ ലോകകപ്പിനു പന്തുരുളും മുൻപ് ലോകകപ്പിലാകെ 13 ഗോളായിരുന്നു മെസിയുടെ സമ്പാദ്യം.
അൾജീരിയക്കെതിരായ ഹാട്രിക്കോടെ മെസി ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാംസ്ഥാനത്തേക്കു കുതിച്ചെത്തി. റിക്കാർഡ് ബുക്കിൽ തനിച്ചു പേരെഴുതാൻ മെസിക്ക് ഇനി ഒരു കളികൂടി ധാരാളം.
ഇത്തവണ ഗോൾഡൻ ബൂട്ടിനു മെസിക്കും എംബാപ്പെയ്ക്കും വെല്ലുവിളിയായേക്കാവുന്ന നോർവെയുടെ ഏർലിംഗ് ഹാലൻഡും ലോകകപ്പിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഇറാക്കിനെതിരേ തന്റെ ട്രേഡ് മാർക്ക് ഇരട്ട ഗോളുകളുമായി ഹാലൻഡും ഗോൾഡൻ ബൂട്ടിനായി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ കരുത്തുറ്റ ടീമുമായി എത്തുന്ന നോർവെ ലോകകപ്പിൽ എത്രമാത്രം മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്റെ സുവർണപാദുകമോഹം. നാലോ അഞ്ചോ കളികൾ കിട്ടിയാൽപോലും ഗോൾഡൻ ബൂട്ട് അടിച്ചെടുക്കാനുള്ള ടാലന്റ് ഹാലൻഡിനുണ്ട്.
മെസി ട്രിക്കിൽ റിക്കാർഡുകൾ തരിപ്പണം
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു.
ഈ ഗോളുകളോടെ എണ്ണത്തിൽ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം എത്തിയ മെസി ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി.
വഴിമാറിയത് 2018-ൽ സ്പെയിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ്.
എംബാപ്പെയുടെ റിക്കാർഡ് വേട്ടയും ഹാലൻഡിന്റെ കന്നി അങ്കവും
സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം വരിച്ചപ്പോൾ ചുക്കാൻപിടിച്ചത് കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.
ലോകകപ്പിൽ മാത്രം എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ പതിനാലിലേക്ക് ഉയർന്നു. മറുഭാഗത്ത് ലോകകപ്പ് വേദിയിലേക്ക് വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ നോർവെയ്ക്കായി ഏർലിംഗ് ഹാലൻഡ് തന്റെ ക്ലാസ് തെളിയിച്ചു.
ഇറാഖിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ഹാലൻഡ് തന്റെ ലോകകപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കിയത്.
കാത്തിരിപ്പ് സിആർ സെവന്റെ ലാസ്റ്റ് ഡാൻസിനായി
മെസിയും എംബാപ്പെയും ഹാലൻഡും ആദ്യ മത്സരങ്ങളിൽ തന്നെ കളം നിറഞ്ഞു കഴിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനാണ്.
തന്റെ കരിയറിലെ ഒരേയൊരു കനകസിംഹാസനം ലക്ഷ്യമിട്ടാണ് റൊണാൾഡോ ഇന്ന് രാത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെ ഹൂസ്റ്റണിൽ കളത്തിലിറങ്ങുന്നത്.
മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെയും ഹാലൻഡിന്റെയും ഇരട്ട ഗോളുകളും നൽകുന്ന വലിയ ആവേശം റൊണാൾഡോയെ എത്രത്തോളം പ്രചോദിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഗോൾഡൻ ബോളിനായുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിന് വടക്കേ അമേരിക്കൻ മണ്ണിൽ ഔദ്യോഗികമായി തിരികൊളുത്തിക്കഴിഞ്ഞു.
Sports
കാൻസാസ് സിറ്റി: ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റിക്കാർഡുകൾ സ്വന്തമാക്കി ഇതിഹാസ താരം ലയണൽ മെസി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. 2026 ഫിഫ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ നേടിയ മിന്നുന്ന ഹാട്രിക്കിലൂടെ ജർമനിയുടെ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്തി മെസി.
പുലർച്ചെ ഫ്രാൻസും സെനഗലും തമ്മിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ഫ്രാൻസിന്റെ തീപ്പൊരിതാരം എംബാപ്പെ മെസിയെ മറികടന്നിരുന്നെങ്കിലും ആ നേട്ടത്തിനു ഏതാനും മണിക്കൂറുകളുടെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ അൾജീരിയക്കെതിരെയുള്ള അർജന്റീനയുടെ പോരാട്ടത്തിൽ ഹാട്രിക് അടിച്ചു കൂട്ടി മെസി റിക്കാർഡ് തിരിച്ചുപിടിച്ചു.
അർജന്റീന ജഴ്സിയിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. അൾജീരിയക്കെതിരെ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ അർജന്റീന 3-0ന് വിജയിച്ചപ്പോൾ മൂന്നു ഗോളുകളും നേടിയത് നായകൻ മെസിയായിരുന്നു .
17ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ പാസുമായി മുന്നേറി പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ മെസി ആദ്യ ഗോൾ നേടി. ലോകകപ്പിലെ മെസിയുടെ 14ആം ഗോളായിരുന്നു അത്. ഇതോടെ കിലിയൻ എംബാപ്പെ, ഗെർഡ് മുള്ളർ എന്നിവർക്കൊപ്പം മെസിയെത്തി.
60ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററുടെ ഷോട്ട് അൾജീരിയൻ കീപ്പർ തടുത്തപ്പോൾ റീബൗണ്ടിലൂടെ മെസി രണ്ടാം ഗോളും നേടി. ഇതോടെ ബ്രസീൽ താരം റൊണാൾഡോ നസാരിയോയുടെ റിക്കാർഡിനൊപ്പമെത്തി.
76-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽനിന്ന് തൊടുത്ത ലോ ഫിനിഷിലൂടെ മെസി ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് പൂർത്തിയാക്കി. മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന എക്കാലത്തെയും വലിയ റിക്കാർഡിനോപ്പം തന്റെ പേരും എഴുതി ചേർത്തു.
ലോകകപ്പിൽ ഇനി നിരവധി മത്സരങ്ങൾ നടക്കാനിരിക്കെ ക്ലോസെയുടെ റിക്കാർഡും മെസി തകർക്കുമെന്ന് ഉറപ്പാണ്. ക്ലോസെ തന്നെ ഇക്കാര്യം പ്രവചിച്ചിട്ടുമുണ്ട്.
Sports
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ തുടക്കം. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീന മുന്നിലെത്തി. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെയാണ് മെസ്സി അൾജീരിയൻ വല കുലുക്കിയത്.
പരിക്കിന്റെ ആശങ്കകൾ മറികടന്ന് ആദ്യ ഇലവനിൽ തന്നെ മെസി കളത്തിലിറങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൾജീരിയയുടെ ഫാരെസ് ചൈബി ഒരു ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പ് ജെ-യിലെ ഈ ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 2022-ൽ സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശക്തമായ ലൈനപ്പുമായിട്ടാണ് അർജന്റീന ഇത്തവണ ഇറങ്ങിയിരിക്കുന്നത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിക്ക് പരിക്കേറ്റതായി സൂചന. യുഎസ് ഫുട്ബോൾ ലീഗായ എംഎൽഎസിൽ ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിനിടെ തുടയിലെ വേദനയെ തുടർന്ന് താരം കളംവിട്ടു.
ഇന്റർ മയാമി - ഫിലാഡൽഫിയ യൂണിയൻ മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് മെസിക്ക് ഇടതു തുടയിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. കളിക്കളത്തിൽനിന്ന് പിൻമാറിയ മെസി ടീം ബെഞ്ചിലേക്ക് പോകാതെ നേരിട്ട് ഡ്രസിംഗ് റൂമിലേക്ക് പോയതാണ് ആരാധകരെ ആശങ്കയിലാക്കിയത്.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മെസി പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയാണ്. പരിക്ക് സാരമുള്ളതാണോ മുൻകരുതലിന്റെ ഭാഗമായി താരം സ്വയം വിട്ടുനിന്നതാണോയെന്ന് വ്യക്തമല്ല. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിൽ അൾജീരിയ, ജോർദാൻ, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ്.
Sports
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ ബലത്തില്‍, മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ഇന്റര്‍ മയാമിക്കു ജയം. എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 3-2ന് കൊളൊറാഡോയെ കീഴടക്കി. 18 (പെനാല്‍റ്റി), 79 മിനിറ്റുകളിലായിരുന്നു മെസി ലക്ഷ്യംകണ്ടത്. ജെര്‍മന്‍ ബെര്ട്ടറാമിന്റെ (45+5) വകയായിരുന്നു മറ്റൊരു ഗോള്‍.
എംഎല്‍എസ് 2026 സീസണില്‍ മെസിയുടെ ഏഴാം ഗോളാണ്. വ്യക്തിപര കാരണങ്ങളെത്തുടര്‍ന്ന് ജാവിയന്‍ മഷെറാനോ മാനേജര്‍ സ്ഥാനം രാജിവച്ചതിനുശേഷം ഇന്റര്‍ മയാമിയുടെ ആദ്യജയമാണ്.
Sports
മയാമി: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്ക് എതിരേ അമേരിക്കയില്‍ 65.28 കോടി രൂപയുടെ കേസ്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് മെസി നിലവില്‍ കളിക്കുന്നത്.
2025 ഒക്ടോബര്‍ 10ന് വെനസ്വേലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തിനായി കളത്തില്‍ ഇറങ്ങിയില്ലെന്നതാണ് മെസി ചെയ്ത കുറ്റം.
പരിക്ക് ഇല്ലെങ്കില്‍ 30 മിനിറ്റ് മെസി കളിക്കും എന്നതായിരുന്നു കരാര്‍. മെസി കളത്തില്‍ എത്തിയില്ല.
എന്നാല്‍, ഒക്ടോബര്‍ 11ന് മെസി ഇന്റര്‍ മയാമിക്കായി കളത്തിലെത്തുകയും ചെയ്തു. ഇതാണ് പ്രശ്നം.
Sports
മയാമി: കാല്‍പ്പന്തു കളിയിലെ മജീഷ്യനായി ലയണല്‍ മെസി. പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ 900 ഗോള്‍ എന്ന മാന്ത്രിക സംഖ്യയില്‍ മെസി എത്തി. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ നാഷ്വില്ല എസ്സിക്ക് എതിരേ ഇന്റര്‍ മയാമിക്കുവേണ്ടി ഏഴാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് മെസി കരിയറില്‍ 900 തികച്ചത്.
പോര്‍ച്ചുഗല്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുശേഷം കരിയറില്‍ 900 ഗോള്‍ തികയ്ക്കുന്ന രണ്ടാമനാണ് ലയണല്‍ മെസി. കരിയര്‍ ഗോള്‍ നേട്ടത്തില്‍ ബ്രസീല്‍ ഇതിഹാസമായ പെലെയാണ് (765) റൊണാള്‍ഡോയ്ക്കും (965) മെസിക്കും (900) പിന്നില്‍ മൂന്നാം സ്ഥാനത്ത്.
മെസി 900 ഗോള്‍ തികച്ചെങ്കിലും ഇന്റര്‍ മയാമിക്കു ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചില്ല. രണ്ടാംപാദത്തില്‍ നാഷ്വില്ലയുമായി 1-1നു സമനിലയില്‍ പിരിഞ്ഞ ഇന്റര്‍ മയാമി പുറത്തായി. നാഷ്വില്ലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. രണ്ടാംപാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ നാഷ്വില്ല ക്വാര്‍ട്ടറിലേക്കു കുതിച്ചു.
» 900; ഗോള്‍ വഴി «
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി 2004 ഒക്ടോബര്‍ 16നായിരുന്നു ലയണല്‍ മെസിയുടെ പ്രഫഷണല്‍ ഫുട്ബോള്‍ അരങ്ങേറ്റം. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി, 2000ല്‍ തന്റെ 13-ാം വയസില്‍ ബാഴ്സലോണയില്‍ എത്തിയതാണ്. ബാഴ്സയുടെ ലാ മാസിയയിലെ കളി പഠനത്തിനുശേഷം 17-ാം വയസില്‍ സീനിയര്‍ അരങ്ങേറ്റം. 17 വര്‍ഷം നീണ്ട ബാഴ്സയിലെ സീനിയര്‍ കരിയറില്‍ 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ നേടി.
2021ല്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നിലേക്ക് മെസി ചേക്കേറി. 32 ഗോള്‍ പിഎസ്ജി ജഴ്സിയില്‍ സ്വന്തമാക്കി. തുടര്‍ന്ന് 2023ല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍. 93 മത്സരങ്ങളില്‍നിന്ന് 81 ഗോള്‍ മയാമിയുടെ ജഴ്സിയില്‍ മെസി സ്വന്തമാക്കി. 2004 മുതലുള്ള രാജ്യാന്തര സീനിയര്‍ കരിയറില്‍ 115 ഗോള്‍. ആകെ 900..!
» സിആർ7നെ പിന്തള്ളി «
പ്രഫഷണല്‍ ഫുട്ബോള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോള്‍ എന്ന അത്യപൂര്‍വ നാഴികക്കല്ല് ആദ്യമായി പിന്നിട്ട ഇതിഹാസമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 സെപ്റ്റംബറിലായിരുന്നു റൊണാള്‍ഡോ 900 ഗോള്‍ നേടുന്ന ആദ്യ കളിക്കാരന് എന്ന ചരിത്രം കുറിച്ചത്. 1236-ാം മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. 900 ഗോളിലേക്ക് എത്താന്‍ മെസിക്ക് 1142 മത്സരങ്ങള്‍ മാത്രമായിരുന്നു വേണ്ടിവന്നത്.
അതിവേഗം 900 ഗോള്‍ എന്ന റിക്കാര്‍ഡ് ഇതോടെ മെസിക്കു സ്വന്തം. 39 വര്‍ഷവും 231 ദിനവുമായിരുന്നു 900 ഗോള്‍ തികയ്ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം. മെസിക്കു പ്രായം 38 വര്‍ഷവും 268 ദിനവും. ഇതോടെ 900 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മെസിക്കു സ്വന്തം.
ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ എട്ട് തവണ മെസി സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോ അഞ്ച് തവണയും. 2002ല്‍ തന്റെ 17-ാം വയസില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിംഗില്‍ തുടങ്ങിയ റൊണാള്‍ഡോയുടെ കരിയര്‍ ഇപ്പോള്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ സ്പോര്‍ട്ടിംഗിനായി അഞ്ച്, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി 450, ഇറ്റാലിയന്‍ ക്ലബ് യുവന്റസിനായി 101, അല്‍ നസറിനായി 121. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 143. ആകെ; 965. 1000 ഗോള്‍ എന്ന ചരിത്ര നിമിഷത്തിലേക്കുള്ള യാത്രയിലാണ് 41കാരനായ റൊണാള്‍ഡോ.
റൊണാള്‍ഡോ Vs മെസി
പ്രഫഷണൽ ഫുട്ബോൾ കരിയർ
05 ബലോണ്‍ ദോര്‍ 08
143 രാജ്യാന്തര ഗോള്‍ 115
1236 900 ഗോള്‍ (മത്സരം) 1142
39 900 ഗോള്‍ (പ്രായം) 38
965 കരിയര്‍ ഗോള്‍ 900
822 ക്ലബ് ഗോള്‍ 785
1312 കരിയര്‍ മത്സരം 1142
261 കരിയര്‍ അസിസ്റ്റ് 407
0.74 ഗോള്‍ പെര് ഗെയിം 0.79
66 ഹാട്രിക് 60
64 ഫ്രീകിക്ക് ഗോള്‍ 70
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കായി എപ്പോഴും വാതില്‍ തുറന്നു കിടക്കുകയാണെന്ന് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹ്വാന്‍ ലാപോര്‍ട്ട.
ബാഴ്സയ്ക്കായി 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ മെസി നേടിയിരുന്നു.ട്രിബ്യൂട്ട് മത്സരവും ക്ലബ്ബില്‍ അദ്ദേഹത്തിന്റെ ശില്‍പ്പവും മെസി അര്‍ഹിക്കുന്നുണ്ടെന്നും ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.
ലാഡിസ്ലാവൊ കുബാല, ജോഹാന്‍ ക്രൈഫ് എന്നിവരുടെ ശില്പ്പങ്ങള് മാത്രമാണ് ബാഴ്സലോണയില്‍ ഇതുവരെയുള്ളത്.
Sports
വാഷിംഗ്ടണ്‍: അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും ഇന്റർ മയാമിയിലെ സഹതാരങ്ങളും യുഎസ് പ്രസിഡന്റ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ചരിത്രത്തിലാദ്യമായി മയാമി മേജർ ലീഗ് സോക്കർ (എംഎൽഎസ്) കപ്പ് ജേതാക്കളായതിനു പിന്നാലെയാണ് മെസിയും സഹതാരങ്ങളും വൈറ്റ്ഹൗസിലെത്തി ട്രംപിനെ സന്ദർശിച്ചത്.
ക്ലബ് സഹ ഉടമയും മുൻ ഇംഗ്ലീഷ് ഫുട്ബാൾ നായകനുമായ ഡേവിഡ് ബെക്കാമിനെയും ടീമിനെയും ട്രംപ് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. എംഎൽഎസ് ജേതാക്കളാകുന്ന ടീമിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നതും ആദരിക്കുന്നതും പതിവാണ്.
ഇന്റർ മയാമിയുടെ ജഴ്സിയും താരങ്ങൾ ഒപ്പിട്ട പിങ്ക് പന്തും ട്രംപിന് സമ്മാനിച്ചു. കഴിഞ്ഞവർഷം പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.
ശനിയാഴ്ച ഡിസി യുണൈറ്റഡിനെതിരായ എംഎൽഎസ് മത്സരത്തിനാണ് മയാമി താരങ്ങൾ വാഷിംഗ്ടണിലെത്തിയത്.
Sports
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്റര്‍ മയാമിക്കു ജയം.
എവേ പോരാട്ടത്തില്‍ ഇന്റര്‍ മയാമി 4-2ന് ഒര്‍ലാന്റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്റൊ സിറ്റി 2-0ന്റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍.
മെസി @ 898
കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.
Sports
ദോഹ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്.
ദോഹ വേദിയായ ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്റീന ടീമിന്റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.
മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്പെയിൻ ആണ് അര്‍ജന്റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.
International
മിയാമി: ലയണൽ മെസിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് അപകടം.
മരിയ അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയ്ക്കും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റു. മയാമിയിൽ വച്ചാണ് മരിയ ഓടിച്ച എസ്യുവി അപകടത്തിൽപെട്ടത്.
മരിയ, മാതാവിന്റെയും കുടുംബത്തിന്റെയും പരിചരണത്തിലാണ്. മെസിയുടെ ക്ലബായ ഇന്റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
അപകടത്തെ തുടർന്ന് വിവാഹം നീട്ടിവച്ചു. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.
Sports
ന്യൂഡൽഹി: അർജന്റീന ഇതിഹാസ താരം ലയണൽ മെസിയുടെ ഗോട്ട് ഇന്ത്യ ടൂർ ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നലെ അവസാനിച്ചു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കായികതാരങ്ങളിൽ ഒരാൾക്ക് ആതിഥേയത്വം വഹിച്ച നഗരത്തിലെ സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു.
25,000ഓളം ആരാധകർ പ്രിയ താരത്തെ നേരിട്ട് കാണാൻ സ്റ്റേഡിയത്തിലെത്തി. ഇന്ത്യൻ സെലിബ്രിറ്റികളുടെയും വിശിഷ്ട വ്യക്തികളുടെയും സംഘവും മെസിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മെസിയുടെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി തിങ്കളാഴ്ച ജോർദാൻ സന്ദർശനത്തിനായി പുറപ്പെട്ടതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.
സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ മെസി ഡൽഹിയിലെത്തിയത് നിശ്ചയിച്ചതിലും മൂന്നു മണിക്കൂറോളം വൈകിയാണ്. ഡൽഹിയിലെ മൂടൽമഞ്ഞു കാരണമാണ് മെസിയുടെയും സംഘത്തിന്റെയും യാത്ര വൈകിയത്.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ 30 മിനിറ്റ് നീണ്ടുനിന്ന പരിപാടിയുടെ അവസാനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐസിസി ചെയർമാൻ ജയ് ഷാ, ഡിഡിസിഎ പ്രസിഡന്റ് റോഹൻ ജയ്റ്റ്ലി, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുംഗ്് ബൂട്ടിയ എന്നിവർ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചു. ട്വന്റി20 ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റും ഇന്ത്യൻ ടീമിന്റെ ജഴ്സിയും ജയ് ഷാ മെസിക്ക് നൽകി.
ഇന്ത്യൻ ആരാധകരുടെ സ്നേഹത്തിനും കരുതലിനും താരം നന്ദി പറഞ്ഞു. “ഇത്രയും ദിവസങ്ങളിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. വളരെ ഹ്രസ്വമായ സമയത്തിനുള്ളിൽ ലഭിച്ച ഈ സ്നേഹം അതിശയകരമായിരുന്നു. അത് നേരിട്ട് അനുഭവിച്ചത് അവിശ്വസനീയമായിരുന്നു”- മെസി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരോട് പറഞ്ഞു. ഇനിയും ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന ഉറപ്പ് തന്റെ ആരാധകർക്ക് നൽകിയാണ് മൂന്നു ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് മെസി മടങ്ങിയത്.
National
കോല്‍ക്കത്ത: ലയണല്‍ മെസ്സിയുടെ "ഗോട്ട് ടൂര്‍ ഇന്ത്യ' മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്ത അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മെസിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കിടെ ആരാധകർ രോഷകുലരായതിന് പിന്നാലെയാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു.
ദത്തയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു.
അതേസമയം, മെസി കൊൽക്കത്തയിൽ നിന്നും ഹൈദരാബാദിലെത്തി. ഇവിടെ നടക്കുന്ന ചടങ്ങിൽ രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയ മെസി പെട്ടന്ന് തന്നെ മൈതാനം വിട്ടതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസിയെ കാണാനായില്ലെന്ന് 5,000 മുതൽ 25,000 രൂപവരെ പണം ചിലവാക്കി ടിക്കറ്റ് എടുത്ത ആരാധകർ ആരോപിച്ചു.
കുപിതരായ ജനക്കൂട്ടം സ്റ്റേഡയത്തിലേക്ക് കസേരയും കുപ്പിയും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.
Sports
കോൽക്കത്ത: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി അർജന്റീന സൂപ്പർ താരം ലയണൽ മെസി കോൽക്കത്തയിലെത്തി. ശനിയാഴ്ച പുലർച്ചെ രണ്ടിന് കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയ മെസിയെ സ്വീകരിക്കാൻ നിരവധി ആരാധകർ എത്തിയിരുന്നു.
വിമാനമിറങ്ങിയ മെസിയെ വൻ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സ്വാരെസും മെസിക്കൊപ്പമുണ്ട്. ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ ഭാഗമായാണ് മെസി ഇന്ത്യയിലെത്തിയത്.
ശനിയാഴ്ച രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കം കുറിക്കുക. കോൽക്കത്ത ശ്രീഭൂമി സ്പോർടിംഗ് ക്ലബ് നിർമിച്ച 70 അടി ഉയരമുള്ള മെസി പ്രതിമ വെർച്വലായി അദ്ദേഹം അനാവരണം ചെയ്യും.
ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസി അവിടെ പ്രദർശന മത്സരം കളിക്കും. നാളെ മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
Sports
കോൽക്കത്ത: അര്‍ജന്റൈൻ ഫുട്ബോള്‍ ഇതിഹാസം ലയോണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്‍ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.
Sports
കോല്‍ക്കത്ത: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിയുടെ ത്രിദിന ഇന്ത്യന്‍ പര്യടനം നാളെ തുടങ്ങുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും വേദിയിലെത്തും. ശനിയാഴ്ച കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഷാരൂഖ് ഖാന് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
ശനി രാവിലെ 11.30-നായിരിക്കും മെസിയും ഷാരൂഖും ഒന്നിച്ചുള്ള ചടങ്ങ്. ബോളിവുഡ്, ക്രിക്കറ്റ് ലോകത്തിലെ മിന്നും താരങ്ങള്‍ മെസിയുടെ സന്ദര്‍ശനത്തില്‍ പങ്കാളികളാകും.
ലോകത്തിലെ ഏറ്റവും വലിയ മെസി പ്രതിമയുടെ അനാവരണവും കോല്ക്കത്തയില്വച്ച് നടക്കും. 70 അടി ഉയരമുള്ള പ്രതിമയാണ് ശ്രീഭൂമി സ്പോര്‍ട്ടിംഗ് ക്ലബില്‍ ഒരുങ്ങിയിരിക്കുന്നത്. മെസി തന്നെയാണ് പ്രതിമയുടെ അനാഛാദനം നിര്‍വഹിക്കുക.
13, 14, 15 തീയതികളിലായി കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ മെസി പങ്കെടുക്കും. 13ന് കോല്‍ക്കത്ത, ഹൈദരാബാദ് സന്ദര്‍ശനങ്ങള്‍. ഇന്ത്യന്‍ സമയം വെള്ളി അര്‍ധരാത്രിക്കുശേഷം മെസി കോല്‍ക്കത്തയില്‍ വിമാനമിറങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. പുലര്‍ച്ചെ 1.30ന് മെസിയുടെ വിമാനം കോല്‍ക്കത്തയില്‍ എത്തുമെന്നാണ് വിവരം.
ഫോട്ടോയ്ക്ക് 10 ലക്ഷം
ലയണല്‍ മെസിയുടെ ഇന്ത്യ പര്യടനത്തില്‍ (ഗോട്ട് ഇന്ത്യ ടൂര്‍ 2025) അദ്ദേഹത്തിനൊപ്പം ചിത്രങ്ങള്‍ എടുക്കുന്നതില്‍ ചുരുങ്ങിയത് 10 ലക്ഷം രൂപവരെയാണ് സംഘാടകര്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 14 വര്‍ഷത്തിനുശേഷമാണ് മെസി ഇന്ത്യയില്‍ എത്തന്നതെന്നതാണ് ശ്രദ്ധേയം.
2011ല്‍ കോല്ക്കത്തയില്വച്ച് വെനസ്വേലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തിനായാണ് മെസി ആദ്യമായും അവസാനമായും ഇന്ത്യയില്‍ എത്തിയത്.
പരിപാടിയുടെ ടിക്കറ്റ് ചാര്‍ജ് ഓരോ നഗരങ്ങളിലും വ്യത്യസ്തമാണ്. 4,500 രൂപയാണ് ശരാശരി ടിക്കറ്റ് ചാര്‍ജ്. മുംബൈയില്‍ 8,250 രൂപയിലേക്ക് അതുയരും.
ഗോട്ട് ഇന്ത്യ ടൂര്‍ ഷെഡ്യൂള്‍
ഡിസംബര്‍ 13: കോല്‍ക്കത്ത, സാള്‍ട്ട് ലേക്ക് സ്റ്റേഡിയം. ഗോട്ട് കണ്‍സേര്‍ട്ട് + ഗോട്ട് കപ്പ്
ഡിസംബര്‍ 13 (വൈകുന്നേരം): ഹൈദരാബാദ്, രാജീവ്ഗാന്ധി/ഗച്ചിബൗളി സ്റ്റേഡിയം. സെലിബ്രിറ്റ് മാച്ച് + ഫാന്‍ ഇന്ററാക്ഷന്.
ഡിസംബര്‍ 14: മുംബൈ, വാങ്കഡേ സ്റ്റേഡിയം. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ പഡെല്‍ ഗോട്ട് കപ്പ് + ഫാഷന്‍ ഷോ.
ഡിസംബര്‍ 15: ന്യൂഡല്‍ഹി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച. സമാപന സമ്മേളനം.
Sports
ദോഹ: അർജന്റീനയും സ്പെയ്നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27 ന് നടക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നടന്ന സ്റ്റേഡിയമാണ് ലുസൈൽ.
കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരും യുവേഫ യൂറോ ജേതാക്കളും തമ്മിലാണ് ഫൈനലിസിമ പോരാട്ടം. നിലവിൽ അർജന്റീനയാണ് ഫൈനലിസിമ ജേതാക്കൾ. കഴിഞ്ഞ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചാണ് അർജന്റീന ചാമ്പ്യൻമാരായത്.
ഫിഫയാണ് തീയതിയും മത്സരവേദിയും പ്രഖ്യാപിച്ചത്. ആദ്യം മാർച്ച് 28ന് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 27ലേയ്ക്ക് മാറ്റുകയായിരുന്നു.
Sports
ബ്യൂണസ് ഐറിസ്: അംഗോളയ്ക്കെതിരായ അന്താരാഷ്്ട്ര സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്കലോനി പ്രഖ്യാപിച്ച 24 അംഗ ടീമിനെ സൂപ്പർ താരം ലയണൽ മെസി നയിക്കും.
ടീമിൽ അരങ്ങേറ്റം കുറിക്കാത്ത മൂന്ന് കളിക്കാരും ഉൾപ്പെടുന്നു. നവംബറിലെ ഫിഫ വിൻഡോയിൽ അർജന്റീനയുടെ ഏക സൗഹൃദ മത്സരമാണ് അംഗോളയിൽ നടക്കുന്നത്. നവംബർ 14ന് ലുവാൻഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീമിൽ, ജിയാൻലൂക്ക പ്രെസ്റ്റിയാനി, ജോക്വിൻ പാനിച്ചെല്ലി, മാക്സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളാണ് ഇടംപിടച്ചത്. അതേസമയം പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സ്ക്വാഡിലില്ല.
2026 ഫിഫ ലോകകപ്പിന് മുന്‍പായി ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള സ്കലോനിയുടെ അവസാന അവസരങ്ങളിലൊന്നാണ് ഈ മത്സരം.
അർജന്റീന ടീം:
ഗോൾകീപ്പർമാർ: ജെറോനിമോ റൂളി, വാൾട്ടർ ബെനിറ്റസ്.
പ്രതിരോധനിര: നഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് സെനേസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീൻ ബാർക്കോ.
മധ്യനിര: അലക്സിസ് മാക് അലിസ്റ്റർ, മാക്സിമോ പെറോണ്‍, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് പാസ്.
മുന്നേറ്റനിര: ലയണൽ മെസി, ജൂലിയാനോ സിമിയോണി, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹോസെ മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്, ജോക്വിൻ പാനിച്ചെല്ലി.
നേരത്തേ മെസിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരത്തിനെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്റ്റേഡിയമടക്കമുള്ള കാര്യങ്ങളിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വരവ് വൈകുമെന്നും അടുത്ത വിൻഡോയായ മാർച്ചിലെത്തുമെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്, മേയര്‍ ഫ്രാന്‍സിസ് സുവാരസ് കീ ടു ദ സിറ്റി ഓഫ് മയാമി പുരസ്കാരം നല്കി.
മയാമിക്കും അമേരിക്കയ്ക്കും ലോക ഫുട്ബോളിനും വേണ്ടി ചെയ്ത കാര്യങ്ങള്‍ക്കുള്ള സ്മരണാര്‍ഥമാണ് പുരസ്കാരം. 2023 ജൂലൈ 15നാണ് ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തിയത്.
Sports
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തില്ല. ഫിഫ അനുമതി ലഭ്യമാകാതെ വന്നതോടെയാണിത്. ഇതോടെ അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തില്‍ വരില്ല.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി സ്പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന് പറഞ്ഞു.
അടുത്തമാസം അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെനിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങളും കളി മാറ്റിവയ്ക്കുന്നതിനു കാരണമായെന്ന് സ്പോണ്സര് പറഞ്ഞു. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദമത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരേ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനുമുമ്പ് അര്‍ജന്റീന സ്പെയിനിലാണു പരിശീലിക്കുക. മത്സരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് സ്പോണ്‍സറായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനം.
നവംബറിലെ വിന്‍ഡോയില്‍ മത്സരം നടക്കില്ലെന്നും അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന സംഘമെത്തുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മാര്‍ച്ചിലാണ് അടുത്ത വിന്‍ഡോ. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണു നിലവിലെ തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചിട്ടുള്ളതെന്നും ആന്റോ അഗസ്റ്റിന് പറയുന്നു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം.
Sports
കലിഫോര്‍ണിയ: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ചെല്‍സി നോക്കൗട്ടില്‍ പ്രവേശിച്ചത്. നിര്‍ണായകമായ മത്സരത്തില്‍ ചെല്‍സി 3-0നു ടുണീഷ്യന്‍ ക്ലബ്ബായ ടുണിസിനെ തോല്‍പ്പിച്ചു. തോറ്റാല്‍ നോക്കൗട്ട് കാണാതെ മടങ്ങേണ്ടിവരും എന്ന സാഹചര്യത്തിലാണ് ചെല്‍സി ഇറങ്ങിയത്. ടോസിന് അദരാബിയോ (45+3’), ലിയാം ഡെലാപ് (45+5’), ടൈറിക് ജോര്‍ജ് (90+7’) എന്നിവര്‍ ഇംഗ്ലീഷ് ക്ലബ്ബിനായി ഗോള്‍ നേടി. ചെല്‍സി ജഴ്സിയില്‍ ഡെലാപിന്റെ കന്നിഗോളാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് ഫ്ളെമെംഗോ 1-1നു ലോസ് ആഞ്ചലസുമായി സമനിലയില്‍ പിരിഞ്ഞു. ഏഴ് പോയിന്റുമായി ഫ്ളെമെംഗോ ഒന്നാമതും ആറു പോയിന്റുമായി ചെല്‍സി രണ്ടാമതും ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക 1-0നു കീഴടക്കി. ഇരുടീമും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, ജയത്തോടെ ബെന്‍ഫിക ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആറ് പോയിന്റുള്ള ബയേണ്‍ രണ്ടാമതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊക്ക ജൂണിയേഴ്സും ഓക്ലന്‍ഡ് സിറ്റിയും 1-1 സമനിലയില്‍ പിരിഞ്ഞ് സ്വദേശങ്ങളിലേക്കു മടങ്ങി.
ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബെന്‍ഫിക ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ചെല്‍സിയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ ബയേണിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ ഫ്ളെമെംഗോയാണ്.
Sports
അത്ലാന്റ: ഫിഫ 2025 ക്ലബ് ലോകകപ്പില്‍ ഫ്രീകിക്ക് ഗോളിലൂടെ ഇന്റര്‍ മയാമിക്കു ജയം സമ്മാനിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്ക്ക് എതിരേ 54-ാം മിനിറ്റിലായിരുന്നു ഫ്രീകിക്ക് ഗോളിലൂടെ മെസി ടീമിനെ 2-1 ജയത്തിലേക്കു കൈപിടിച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സാമു അഗെഹോവയുടെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടോ ലീഡ് നേടി. 47-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയയുടെ ഗോളിൽ ഇന്റര്‍ മയാമി ഒപ്പമെത്തി. തുടര്‍ന്നായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. ഡി ബോക്സിനു പുറത്തുവച്ചുള്ള ഫ്രീകിക്ക് മെസി വളച്ച് വലയിലാക്കി. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ അമേരിക്കന്‍ ടീം എന്ന നേട്ടം ഇതോടെ ഇന്റര്‍ മയാമിക്കു സ്വന്തം.
ഫിഫ ടോപ് സ്കോറര്‍
ഫിഫ മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിലും മെസി എത്തി. 20 വര്‍ഷമായി ഫിഫ പോരാട്ട വേദികളിലുള്ള മെസി 10 ടൂര്‍ണമെന്റിലായി 25 ഗോള്‍ സ്വന്തമാക്കിയാണ് ടോപ് സ്കോറര്‍ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. ഇതിനോടകം മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, ഒരു ഫിഫ രാജ്യാന്തര ലോകകപ്പ്, ഒരു അണ്ടര്‍ 20 ലോകകപ്പ് കിരീടങ്ങളും മെസി സ്വന്തമാക്കി. രണ്ട് ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബോളും ഈ അര്‍ജന്റൈന്‍ ഇതിഹാസത്തിനുണ്ട്.
1250 ഗോള്‍ കോണ്ട്രിബ്യൂഷന്!
കരിയറില്‍ 1250 ഗോള്‍ കോണ്ട്രിബ്യൂഷനില് (866 ഗോള്‍, 384 അസിസ്റ്റ്) എത്തുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ് മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി 50 ഗോളും മെസി തികച്ചു. 61 മത്സരങ്ങളില്‍നിന്നാണ് മെസിയുടെ ഈ നേട്ടം. കരിയറില്‍ മെസിയുടെ 68-ാം ഫ്രീകിക്ക് ഗോളാണ് പോര്‍ട്ടോയ്ക്ക് എതിരേ പിറന്നത്. ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതില്‍ ജുനിഞ്ഞോ (77), പെലെ (70) എന്നിവര്‍ മാത്രമാണ് മെസിക്കു മുന്നിലുള്ളതെന്നതും ശ്രദ്ധേയം.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ക്ലബ് പാല്‍മീറസ് 2-0ന് ഈജിപ്ഷ്യന്‍ ടീമായ അല്‍ അഹ്ലിയെ തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പില്‍ പാല്മീറസിനും ഇന്റര്‍ മയാമിക്കും നാലു പോയിന്റ് വീതമായി.
Sports
ഫ്ലോറിഡ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന 2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോൾരഹിത സമനിലയുമായി തുടക്കം. ലയണൽ മെസിയുടെ ഇന്റർ മിയാമിയെ അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്.
മിയാമി ഗാർഡൻസിൽ നടന്ന മത്സരത്തിൽ അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യൻ ക്ലബ്ബിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ അധികസമയത്ത് മെസിയുടെ മികച്ച ഷോട്ട് മാസ്മരിക പ്രകടനത്തിലൂടെ ഷെനാവി രക്ഷപ്പെടുത്തിയിരുന്നു.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്ക്കെതിരേ അറ്റ്ലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരേ ന്യൂയോർക്കിലാണ് അൽ അഹ്ലിയുടെ അടുത്ത മത്സരം.
കാവല്ക്കാര് കാത്തു...
ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്. ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് ആധിപത്യമുണ്ടായിരുന്നു. 43-ാം മിനിറ്റിൽ അൽ അഹ്ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ മയാമിയുടെ അർജന്റീന ഗോൾകീപ്പർ ഓസ്കർ ഉസ്റ്റാരി തടുത്തിട്ടു.
രണ്ടാം പകുതിയിൽ ഇന്റർ മിയാമി ആക്രമണം കടുപ്പിച്ചു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. 64-ാം മിനിറ്റിൽ മെസിയുടെ അപകടകരമായ ഫ്രീ കിക്ക് വലയുടെ പുറത്തുകൂടി പോയപ്പോൾ, ഫാഫ പിക്കോൾട്ടിന്റെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലയണൽ മെസിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ഉൾപ്പെടെ തടുത്തിട്ട് അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയും ടീമിന്റെ രക്ഷകനായി.
പിങ്കില്‍ മങ്ങി
പിങ്ക് ജഴ്സിയിൽ കളത്തിലിറങ്ങിയ ലയണൽ മെസിയും ലൂയി സുവാരെസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയും അടങ്ങുന്ന സുവർണ തലമുറയെയാണ് അൽ അഹ്ലി സമനിലയിൽ തളച്ചത്.